നിയന്ത്രിക്കാനാവാതെ കൊറോണ പടരുന്നു, മരണം 2,39,000 കവിഞ്ഞു, ലോകം ആശങ്കയില്‍, അമേരിക്കയില്‍ മാത്രം 11 ലക്ഷത്തിലധികം രോഗികളും 65,000 മരണവും

വാഷിങ്ടണ്‍: ലോകത്താകമാനം ഭീതിപരത്തി പടര്‍ന്നുപിടിച്ച് കൊറോണ കവര്‍ന്നത് 2 ലക്ഷത്തിലധികം ജീവനുകള്‍. ലോകത്ത് കൊറോണ ബാധിച്ച് ഇതിനോടകം മരിച്ചത് 2,39,000ലധികം പേര്‍. ഗുരുതരാവസ്ഥയിലുള്ള അമേരിക്കയില്‍ മാത്രം മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു.

11 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 24,000 ത്തിലധികം പേര്‍ മരിച്ച ന്യൂയോര്‍ക്കിന് പുറമെ, ന്യൂ ജെഴ്‌സി, മസാച്ചു സെറ്റ്‌സ്, മിഷിഗണ്‍ എന്നിവിടങ്ങളിലെല്ലാം മരണസംഖ്യ കുതിച്ചുയരുകയാണ്.

ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 306 പേര്‍ മരിച്ചപ്പോള്‍ ന്യൂ ജെഴ്‌സിയില്‍ 458 പേരാണ് മരിച്ചത്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇതുവരെ 6,300 ലധികം പേര്‍ മരിച്ച ബ്രസീലിലും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിവേഗം വര്‍ധിക്കുകയാണ്.

ബ്രസീലില്‍ 400 ലധികം പേരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. രോഗം അതിവേഗം പടരുന്ന റഷ്യയില്‍ സമൂഹവ്യാപനം ഉണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും രോഗവ്യാപനത്തിന്റെ വേഗതയിലും മരണനിരക്കിലും വന്‍തോതില്‍ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ 285 പേരും സ്‌പെയിനില്‍ 268 പേരുമാണ് ഇന്നലെ മരിച്ചത്.

അതേസമയം, ആദ്യമായി രോഗം സ്ഥിരീകരിച്ച ചൈനയില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. ഏതാനും ദിവസങ്ങളായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യത്ത് 599 കേസുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

Exit mobile version