മരണക്കണക്കിൽ ഞങ്ങളല്ല ചൈനയാണ് നമ്പർ വൺ; അത് മനസിലാക്കൂ; ചൈനയുടെ കൊവിഡ് കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് വീണ്ടും ട്രംപ്

വാഷിങ്ടൺ: കൊവിഡ് 19 രോഗബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ തന്നെയാകാം ഏറ്റവും കൂടുതൽ മരണങ്ങളുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസ് മൂലമുള്ള ചൈനയിലെ മരണനിരക്കിൽ മാധ്യമങ്ങളോടാണ് ട്രംപ് തന്റെ സംശയം പങ്കുവെച്ചത്. ചൈനയിലെ മരണ നിരക്ക് അമേരിക്കയിലേതിനേക്കാൾ ഏറെ കൂടുതലായിരിക്കും എന്നാണ് ട്രംപിന്റെ അവകാശ വാദം.

വുഹാനിൽ മരണ നിരക്കിൽ 50ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ ആരോപണം. 1300 മരണങ്ങൾ കൂടി കൂട്ടിച്ചേർത്തതോടെ ചൈനയിലെ മരണനിരക്ക് 4600 കടന്നിരുന്നു.

‘ഞങ്ങളല്ല മരണങ്ങളുടെ കണക്കിൽ നമ്പർ വൺ. ചൈനയാണ് നമ്പർ വൺ.അത് നിങ്ങൾ മനസ്സിലാക്കൂ’. ഏറ്റവും വലിയ വികസിത ആരോഗ്യ പരിപാലന സംവിധാനങ്ങളുണ്ടായിട്ടും യുകെ, ഫ്രാൻസ്, ബൽജിയം, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ മരണ നിരക്ക് വളരെ കൂടുതലാണ്. ‘നിങ്ങൾക്കറിയാം, അവർക്കറിയാം പക്ഷെ എന്നിട്ടും നിങ്ങളത് റിപ്പോർട്ട് ചെയ്യുന്നില്ല. എന്തുകൊണ്ട്. അത് നിങ്ങൾ വിശദീകരിക്കണം. ഒരിക്കൽ അത് ഞാൻ വിശദീകരിക്കും’, ചൈനയുടെ മരണകണക്കുകളിൽ വീണ്ടും സംശയം പ്രകടിപ്പിച്ചു കൊണ്ട് ട്രംപ് മാധ്യമങ്ങളോട് ശനിയാഴ്ച വിശദീകരിച്ചു.

അതേസമയം കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാൽ ഒട്ടേറെ രാജ്യങ്ങൾ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളിൽ തിരുത്തൽ വരുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഓരോ രാജ്യത്തും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് പകർച്ചവ്യാധികാലഘട്ടത്തിൽ വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്. തങ്ങൾ എല്ലാവരുടെയും കണക്കുകൾ ഉൾപ്പെടുത്തിയോ എന്നും തങ്ങളുടെ കണക്കുകൾ കൃത്യമായിരുന്നോ എന്നും അവർ പുനപരിശോധിക്കും എന്ന് ലോകാരോഗ്യ സംഘടന കോവിഡ് ടെക്‌നിക്കൽ മേധാവിയായ മരിയ വാൻ കെർക്കോവ് ചൈനക്കെതിരായ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exit mobile version