അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്ക് കേട്ട് കൊറോണയെ പ്രതിരോധിക്കാന്‍ ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റ് കഴിച്ച് സ്വയം ചികിത്സ; ഭര്‍ത്താവ് മരിച്ചു, ഭാര്യയുടെ നില ഗുരുതരം

ന്യൂയോര്‍ക്ക്: ലോകം ഒന്നടങ്കം കൊറോണ ഭീതിയില്‍ കഴിയുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്നൊന്നും കണ്ടെത്താത്തത് രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയിലെത്തിക്കുന്നു. പതിനായിരക്കണക്കിനാളുകളാണ് ഇതുവരെ മരിച്ചുവീണത്. അതിനിടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു.

വൈറസിനെ പ്രതിരോധിക്കാന്‍ സ്വന്തമായി ചികിത്സ നടത്തിയ യുഎസിലെ മാരിക്കോപ്പ കൗണ്ടി സ്വദേശികളായ ദമ്പതിമാരില്‍ ഭര്‍ത്താവ് ഹൃദയാഘാത്തെത്തുടര്‍ന്നാണ് മരിച്ചത്. അവശനിലയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറുപത് വയസ് പ്രായംവരുന്ന ദമ്പതിമാര്‍ അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് സ്വയംചികിത്സയ്ക്കായി ഉപയോഗിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ശക്തമായ ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുടെ നില ഗുരുതരമാണെങ്കിലും പുരോഗതിയുണ്ടെന്നും അവര്‍
രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്നതാണ് ക്ലോറോക്വയ്ന്‍. ഇത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നും ഇത് അപകടകരമാണെന്നും ദയവുചെയ്ത് ആളുകള്‍ വിഡ്ഢിത്തം ചെയ്യരുതെന്നും ബാനര്‍ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ഡാനിയല്‍ ബ്രൂക്ക്‌സ് അഭ്യര്‍ഥിച്ചു. സ്വയം ചികിത്സ അരുതെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version