കൊറോണ വന്നത് ചൈനയിൽ നിന്നു തന്നെ; ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ച് ട്രംപ്; വ്യാപക പ്രതിഷേധം

വാഷിങ്ടൺ: കൊറോണ വൈറസ് അമേരിക്കയാണ് ചൈനയിൽ പടർത്തിയതെന്ന ചൈനയുടെ വാദത്തിന് പിന്നാലെ കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ട്രംപിന്റെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്വീറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമർശം.

ചൈനയിൽ നിന്നുവന്ന വൈറസ് എന്ന അർത്ഥത്തിലായിരുന്നു ട്രംപിന്റെ പരാമർശം. വൈറസിന്റെ ഉത്ഭവം എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടാവാത്ത സാഹചര്യത്തിൽ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ വാക്കുകളാണ് സോഷ്യൽമീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യോമയാനം അടക്കമുള്ള അമേരിക്കയിലെ വ്യവസായങ്ങൾ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ട്രംപ് ട്വീറ്റിൽ പറയുന്നുണ്ട്.

ട്രംപിന്റെ ചൈനീസ് വൈറസ് പ്രയോഗത്തിനെതിരെ അമേരിക്കയിൽ നിന്നടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. ട്രംപിന്റെ പരാമർശം അനുചിതമാണെന്നും ചൈനക്കാരെ വൈറസുമായി ചേർത്ത് പ്രയോഗിക്കുക വഴി വംശീയാധിക്ഷേപം നടത്തുകയാണെന്നുമാണ് ആരോപിക്കപ്പെടുന്നത്.

Exit mobile version