ഒമ്പത് ദിവസം കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന; കൊറോണ ചികിത്സയ്ക്കായി 1000 കിടക്കകളുടെ താൽക്കാലിക ആശുപത്രി നിർമ്മാണം പൂർത്തിയായി

ബീജിങ്: കൊറോണ ബാധിതരായവർക്കും നിരീക്ഷണത്തിലുള്ളവർക്കും ചികിത്സ നൽകാനായി ചൈനയിൽ കൂറ്റൻ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി. വുഹാൻ തലസ്ഥാനമായ ഹ്യുബായിൽ ജനുവരി 23 ന് നിർമ്മാണമാരംഭിച്ച ഹ്യൂഷെൻഷാൻ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെ പൂർത്തിയാക്കി.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവും ഏറ്റവുമധികം രോഗബാധിതരുള്ളതുമായ വുഹാൻ നഗരത്തിലാണ് ഒമ്പത് ദിവസം കൊണ്ട് അടിയന്തരമായി ആശുപത്രി നിർമിച്ചത്. തിങ്കളാഴ്ച മുതൽ രോഗബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും ഇവിടെ പ്രവേശനം നൽകും.

പ്രസിഡന്റ് ഷി ജിൻപിങ് ഞായറാഴ്ച ആശുപത്രി കമ്മിഷൻ ചെയ്തു. ഒമ്പത് ദിവസം മാത്രമെടുത്ത് നിർമാണം പൂർത്തിയായ ആശുപത്രിയിൽ ആയിരം കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ 419 വാർഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റർ ചുറ്റളവിലാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്.

അഞ്ഞൂറിലധികം തൊഴിലാളികളാണ് നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഹ്യൂഷെൻഷാൻ ആശുപത്രി കൂടാതെ 1,600 കിടക്കകളുള്ള മറ്റൊരു താൽക്കാലിക ആശുപത്രി കൂടി നിർമ്മാണമാരംഭിച്ചിട്ടുണ്ട്. വുഹാനിലും സമീപനഗരങ്ങളിലും അഞ്ച് കോടിയോളം ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്. 46 ഹൈവേകളിലൂടെയുള്ള ഗതാഗതം നിർത്തിവെയ്ക്കുകയും ചെയ്തു.

Exit mobile version