കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മൂന്ന് ദിവസം വെള്ളത്തില്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ കൊന്നു; നഴ്‌സിന് 25 വര്‍ഷം തടവ് ശിക്ഷ

വാഷിങ്ടണ്‍: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മൂന്ന് ദിവസം വെള്ളത്തില്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് 25 വര്‍ഷം തടവുശിക്ഷ. ഫിസിക്കല്‍ തെറാപ്പി റിസോഴ്‌സസ് എന്ന കമ്പനിയുടെ സ്ഥാപകനായിരുന്ന സ്റ്റീവന്‍ എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗത്ത് കാരലിന സ്വദേശിനിയും നഴ്‌സുമായ ലെന ക്ലേറ്റനാണ് കോടതി ശിക്ഷ വിധിച്ചത്.

2018 ജൂലൈ 21നാണ് ലെനയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റന്‍ മരിച്ചത്. ഇയാള്‍ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്നിലെ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2018 ആഗസ്തില്‍ ലെന അറസ്റ്റിലായി. കുടുംബവഴക്കിനെ തുടര്‍ന്ന് സ്റ്റീവനെ അസ്വസ്ഥനാക്കാന്‍ കണ്ണിലൊഴിക്കുന്ന മരുന്ന് വെള്ളത്തില്‍ കലക്കി നല്‍കുകയായിരുന്നെന്ന് ലെന പറഞ്ഞു.വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനാല്‍ ഒരു പാഠം പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും സ്റ്റീവിനെ കൊല്ലാന്‍ വിചാരിച്ചിട്ടില്ലെന്നും ലെന പറഞ്ഞു.

കോടിക്കണക്കിന് ഡോളര്‍ വിലയുള്ള സ്വത്തുക്കളുടെ ഉടമയായിരുന്നു സ്റ്റീവന്‍. സ്വത്ത് സ്വന്തമാക്കാനായി ലെന വില്‍പത്രം കത്തിച്ചുകളഞ്ഞെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പ്രതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ചിക്കുകയായിരുന്നു.

Exit mobile version