ഡ്യൂട്ടി ചെയ്ത് ഹൗസ് സർജന്മാർ; രാജ്യവ്യാപകമായ ഡോക്ടർമാരുടെ പണിമുടക്കിൽ വലയാതെ കേരളം

തിരുവനന്തപുരം: ദേശീയ മെഡിക്കൽ ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കുമ്പോഴും പ്രവർത്തനം സ്തംഭിക്കാതെ കേരളത്തിലെ ആശുപത്രികൾ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപിയും അത്യാഹിത വിഭാഗം ഉൾപ്പെടെ ആവശ്യവിഭാഗങ്ങളെല്ലാം പ്രവർത്തിച്ചത് കാരണം കേരളത്തിലെ രോഗികളെ ആശുപത്രികൾ വലച്ചില്ല. അതേസമയം, ബില്ലിലെ വ്യവസ്ഥകൾക്കെതിരെ തുടർസമരം ശക്തമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സമരമാണെന്ന് അറിയാതെ എത്തിയ രോഗികൾ പോലും അറിഞ്ഞില്ല സമരം നടക്കുന്നുണ്ടെന്ന്. ആർക്കും ഒരു പ്രശ്‌നവുമുണ്ടായില്ല. സീനിയർ ഡോക്ടർമാർ പണിമുടക്കിയതിന്റെ കുറവ് നികത്താൻ ഹൗസ് സർജൻമാരെ ക്രമീകരിച്ചായിരുന്നു ഡ്യൂട്ടി നടന്നത്. പനി ക്ലിനിക്കുകളടക്കം പ്രവർത്തിച്ചതോടെ കൊച്ചിയിലും മലബാർ മേഖലയിലും ആശുപത്രി പ്രവർത്തനം സുഗമമായി നടന്നു.

സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലെ ഡോക്ടർമാർ ഭാഗികമായി പണിമുടക്കിയതാണ് രോഗികളെ വലച്ച ഏകകാര്യം. കർക്കിടക വാവുബലിയിലെ അവധിയും സമരം മുൻകൂട്ടി പ്രഖ്യാപിച്ചതും മൂലം രോഗികൾ കുറവായിരുന്നതും പ്രശ്‌നങ്ങൾ കൂടാതിരിക്കാൻ സഹായകമായി.

Exit mobile version