കാറിനായുള്ള പിരിവിന് പിന്നാലെ തൃശ്ശൂർ കോൺഗ്രസ് രണ്ടുതട്ടിൽ; ഡിസിസി പ്രസിഡന്റാകാനില്ലെന്ന് ടിഎൻ പ്രതാപൻ

തൃശ്ശൂർ: രമ്യ ഹരിദാസ് എംപിക്ക് കാർ വാങ്ങിക്കാനുള്ള പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ രണ്ട് തട്ടിലായ തൃശ്ശൂരിലെ കോൺഗ്രസിൽ വീണ്ടും ഏകോപനമില്ലായ്മ. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് ടിഎൻ പ്രതാപൻ എംപി അറിയിച്ചു. തനിക്ക് പകരക്കാരനായി ആരേയും ഈ സ്ഥാനത്തേക്ക് നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ടിഎൻ പ്രതാപൻ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്നതായി അറിയിച്ച് നേരത്തെ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാലിത് രാജിക്കത്തായി പരിഗണിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.

എന്നാൽ പ്രതാപൻ രാജിക്കത്ത് നൽകിയതോടെ ജില്ലയിലെ എ,ഐ ഗ്രൂപ്പുകൾ പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ആലത്തൂർ എംപി രമ്യാ ഹരിദാസിന്റെ കാർ വിവാദം കത്തിജ്വലിച്ചത്. പിരിവിടുന്നതിന് മുന്നിൽ നിന്ന യൂത്ത് കോൺഗ്രസും അനിൽ അക്കര എംഎൽഎയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശന പ്രസ്താവനയോടെ പ്രകോപിതരായിരുന്നു.

കാർ വാങ്ങി നൽകുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് മുല്ലപ്പള്ളി തുറന്നടിച്ചത് പിരിവിടുന്നതിന് മുന്നിൽ നിന്ന അനിൽ അക്കരയ്ക്ക് കനത്തപ്രഹരമായി. ഇതോടെ കെപിസിസി പ്രസിഡന്റിനെതിരെ വാക്‌പോരുമായി അനിൽ അക്കര കളത്തിലിറങ്ങുകയും ചെയ്തു. ഒപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരും മുല്ലപ്പള്ളിയെ പ്രിഹസിച്ച് രംഗപ്രവേശനം ചെയ്തു.

‘ഞങ്ങളുടെ ഡിസിസിക്ക് പ്രസിഡന്റിനെ വേണം. ഞങ്ങൾ യൂത്ത് കോൺഗ്രസുകാർക്കു പിരിവെടുത്ത് വെയ്ക്കാൻ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികൾക്ക് ലോൺ എടുത്തും വെയ്ക്കാൻ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവർത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞമട്ടിൽ’- എന്നായിരുന്നു മുല്ലപ്പള്ളിയുടെ പേരെടുത്തു പറയാതെയുള്ള സുനിലിന്റെ വിമർശനം.

തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണെന്നായിരുന്നു അനിൽ അക്കരയുടെ കുറ്റപ്പെടുത്തൽ. ഇതോടെ തുടർന്ന് തിരുവനന്തപുരത്ത് മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രതാപൻ തുടരട്ടെയെന്നായിരുന്ന് നേതൃത്വം തീരുമാനമെടുത്തു. എന്നാൽ ഈ തീരുമാനത്തിൽ അസംതൃപ്തിയും വിസമ്മതവും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടിഎൻ പ്രതാപൻ.

Exit mobile version