നിങ്ങള്‍ ഇവിടെ ഒരു ചിത്രം മായ്ച്ചാല്‍ ഞങ്ങള്‍ ഇവിടെ നൂറ് ചിത്രം വരയ്ക്കും..! വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കം ചെയ്ത സംഘികളെ പരിഹസിച്ച് ട്രോള്‍ പെരുമഴ

തിരൂര്‍: കഴിഞ്ഞ ദിവസം വിവാദത്തെതുടര്‍ന്ന് മായ്ച്ച് കളഞ്ഞ വാഗണ്‍ ട്രാജഡിയുടെ സ്മാരക ചിത്രങ്ങള്‍ വീണ്ടും വരക്കുമെന്ന് പറഞ്ഞ് സംഘപരിവാറിനെ പരിഹസിച്ച് മലപ്പുറം ട്രോള്‍ രംഗത്ത്. നേരത്തെ സംഘികളുടെ ഭീഷണിയെ തുടര്‍ന്നാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചുമര്‍ ചിത്രം നീക്കം ചെയ്തത്.

എന്നാല്‍ സംഘികളുടെ ഭീഷണി വിലപോകില്ലെന്ന് വ്യക്തമാക്കി നഗരസഭ മുന്‍കൈയെടുത്ത് ചിത്രങ്ങള്‍ വീണ്ടും വരക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘികളെ കളിയാക്കികൊണ്ട് മലപ്പുറം ട്രോളന്‍മാര്‍ വന്നത്.

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും അവകാശപ്പെടാനില്ലാത്തവര്‍ ആ സമരത്തിന്റെ ഓര്‍മ്മകളും ചരിത്രങ്ങളും മായ്ക്കാന്‍ ശ്രമിക്കുന്നെന്ന വിമര്‍ശനത്തോടെയാണ് സംഘപരിവാറിനെതിരെ ട്രോള്‍ വര്‍ഷിക്കുന്നത്.

നിങ്ങള്‍ ഇവിടെ ഒരു ചിത്രം മായ്ച്ചാല്‍ ഞങ്ങള്‍ ഇവിടെ നൂറ് ചിത്രം വരയ്ക്കും’ തുടങ്ങി മലപ്പുറത്തിന്റെ തനത് ഭാഷ ഉപയോഗിച്ചും ചരിത്രം പറഞ്ഞും നിരവധി ട്രോളുകളാണ് മലപ്പുറം ട്രോള്‍ എന്ന പേജില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടത്.

ചിത്രം മായ്ച്ചതിനെതിരെയും അതിന് വേണ്ടി സമരം ചെയ്ത സംഘപരിവാറിനെതിരെയും സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മായ്ച്ച ചിത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും വരയ്ക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

1921ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം. അറുപത്തിനാലോളം പേരാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലിംകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള.

Exit mobile version