മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

ഇവര്‍ക്കായുള്ള തെരച്ചില്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാണാതായി രണ്ട് ദിവസമായിട്ടും മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാന വ്യപകമായി കടലാക്രമണം രൂക്ഷമാണെന്നും, യോഗം വിളിക്കുന്നതല്ലാതെ കാര്യക്ഷമമായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ നാലു പേരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. ഇവര്‍ക്കായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശസംരക്ഷണസേനയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇവരുടെ തെരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് വ്യാഴാഴ്ച മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മത്സ്യത്തൊഴിലാളികളെക്കൂടി തെരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നുകൂടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Exit mobile version