പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്ന് വീഴാതിരുന്നത് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം: അപകടാവസ്ഥ വെളിപ്പെടുത്തി ഐഐടി വിദഗ്ധ സംഘം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്ന് വീഴാതിരുന്നത് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണെന്ന് റൂര്‍ക്കി ഐഐടിയിലെ വിദഗ്ധന്‍ ഭൂപീന്ദര്‍ സിംഗ്. വിജിലന്‍സിന്റെ ആവശ്യപ്രകാരം ബലക്ഷയം നിര്‍ണയിക്കാനുള്ള പരിശോധനകള്‍ക്കായി മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് അംഗമായ പ്രൊഫസര്‍ ഭൂപീന്ദര്‍ സിംങ്ങിനൊപ്പം ഐഐടിയിലെ വിദഗ്ധരും എത്തിയിരുന്നു. റൂര്‍ക്കി സംഘത്തിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും വിജിലന്‍സ് തുടര്‍ പരിശോധനകള്‍ നടത്തുക. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് ബലക്ഷയം കൃത്യമായി നിര്‍ണയിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതിനായി ചൊവ്വാഴ്ച സാമ്പിളുകള്‍ ശേഖരിക്കും.

കഴിഞ്ഞയാഴ്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാരും വിജിലന്‍സ് എഞ്ചിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം, പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ നടന്നതെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പ്രത്യേകതരം പെയിന്റിങ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസ്സുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്.

ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യമായ സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപ്പുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. 3 എണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അല്‍ട്രാ സൗണ്ട് പള്‍സ് വെല്ലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോണ്‍ക്രീറ്റിന്റെ ശോച്യാവസ്ഥ കണ്ടത്തിയത്. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നമില്ല. കോണ്‍ക്രീറ്റ് സ്പാന്‍ മാറ്റണമെന്നും ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version