പാലാരിവട്ടം മേല്‍പ്പാലം പണിക്ക് സിമന്റ് ഉപയോഗിച്ചിട്ടില്ല; പാലം അപകടാവസ്ഥയില്‍ തന്നെ, ഗുരുതര കണ്ടെത്തലുമായി മദ്രാസ് ഐഐടിയും!

ഡിസൈന്‍ പ്രകാരം, എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പണിക്ക് സിമന്റ് തീരെ ഉപയോഗിച്ചിട്ടില്ലെന്ന കണ്ടെത്തലുമായി മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയില്‍ തന്നെയാണെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയത്.

ഡിസൈന്‍ പ്രകാരം, എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. പാലത്തില്‍ രൂപപ്പെട്ട വിള്ളലുകള്‍ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയില്‍ വികസിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാസ്ത്രീയമായി കണക്കുകള്‍ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്.

മദ്രാസ് ഐഐടിയിലെ ഡോക്ടര്‍ പി അളഗസുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലു മാസത്തോളം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിര്‍ത്തിവച്ച് പാലം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്.

Exit mobile version