പാലാരിവട്ടം പാലം തകർച്ച: 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സർക്കാർ; ആർഡിഎസ് കമ്പനിക്ക് നോട്ടീസയച്ചു

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണം തീർന്നതിന് പിന്നാലെ തന്നെ തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി സർക്കാർ. പാലാരിവട്ടം പാലം നിർമ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നൽകിയത്.

പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നും കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറയുന്നു.

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിടുകയായിരുന്നു.

മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ്‌സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Exit mobile version