പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദ്യം; മരട് ഫ്‌ളാറ്റ് വിഷയം എടുത്തിട്ട് ‘തടിയൂരി’ ഉമ്മന്‍ചാണ്ടി

ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പാലം പൊളിച്ചു പണിയുമെന്ന് പറഞ്ഞത്.

തിരുവനന്തപുരം: നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മൗനം പാലിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ലാതെ മരട് ഫ്‌ളാറ്റ് വിഷയം എടുത്തിടുകയായിരുന്നു.

പാലം പൊളിച്ചു പണിയാനുള്ള തീരുമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നേതാവിനോട് പ്രതികരണം തേടിയപ്പോഴാണ് വിഷയം മാറ്റി തടിയൂരാന്‍ ശ്രമം നടത്തിയത്. തങ്ങള്‍ ഇവിടെ വന്നത് ഫ്‌ളാറ്റിലെ അന്തേവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുമാണെന്നും ഉമ്മന്‍ചാണ്ടി പറയുകയായിരുന്നു.

ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പാലം പൊളിച്ചു പണിയുമെന്ന് പറഞ്ഞത്. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക മികവുള്ള ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേല്‍നോട്ടത്തിന് വിദഗ്ദ ഏജന്‍സി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷം കൊണ്ട് പാലം പണി പൂര്‍ത്തീകരിക്കാനാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട്; മനോരമ

Exit mobile version