പാലാരിവട്ടം അഴിമതി കേസ്: കോടതി അനുമതി നൽകി; ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ്

ആലുവ: പാലാരിവട്ടം മേൽപ്പാലത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്തുന്നു. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തതിനു പിന്നാലെയാണ് വിജിലൻസ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാർ ക്രസന്റ് എന്ന വീട്ടിൽ റെയ്ഡിന് എത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ വീടുകൾ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയിൽ നിന്ന് വിജിലൻസ് സെർച്ച് വാറന്റ് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

മുൻ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജിന്റെ മൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കാനുള്ള തീരുമാനം വിജിലൻസ് കൈക്കൊണ്ടത്. പാലാവരിട്ടം മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താൻ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടിഒ സൂരജ് മൊഴി നൽകിയിരുന്നു. കേസിൽ തന്നെ പ്രതി ചേർത്താൽ അതിൽ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. ഇതോടെ, പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു.

Exit mobile version