വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകരുടെ അതിക്രമം; വിദ്യാഭ്യാസ സ്ഥാപനം തകര്‍ത്തതായി പരാതി

എന്നാല്‍, ആക്രമണത്തിന് പിന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരല്ലെന്നാണ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം.

കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദിനിടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം അടിച്ചുതകര്‍ത്തതായി പരാതി. കൊല്ലത്താണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് സ്ഥാപനമുടമ ആരോപിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരല്ലെന്നാണ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം.

കൊല്ലം റെയില്‍വേ സ്റ്റേഷനടുത്തുള്ള സ്വകാര്യ കോച്ചിങ് സെന്ററിന് നേരേയാണ് കെഎസ്‌യു ആക്രമണമുണ്ടായത്. സ്ഥാപനത്തിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമില്ലാതെ ക്ലാസ് മുറി അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പിരിവ് നല്‍കാത്തതാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് സ്ഥാപനമുടമ ആരോപിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അറിയിച്ചു.

Exit mobile version