തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ വീണ്ടും രൂക്ഷ വിമര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. വനംമന്ത്രി കെ രാജുവിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപേക്ഷകളോട് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും ഇതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും തീര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, വനംവകുപ്പ് ജീവനക്കാരുടെ ആവശ്യങ്ങള്‍ ഓരോന്നും അക്കമിട്ട് അവതരിപ്പിക്കുകയും ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കുമെന്നും പറഞ്ഞ സ്വാഗതപ്രാസംഗികനായ എം മനോഹരനും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു വിധേയനായി.
‘സംഘടനകള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. അതു സമ്മേളനത്തില്‍ അവതരിപ്പിച്ചു പരിഹാരം കാണാമെന്നു വിചാരിക്കരുത്. അതിനു പ്രത്യേകമായി നിവേദനം തയ്യാറാക്കി ആര്‍ക്കാണോ കൊടുക്കേണ്ടത്, അയാള്‍ക്കു കൊടുക്കണം. അതാണു രീതി. ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം.’- മുഖ്യമന്ത്രി വിമര്‍ശിച്ചു.