രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യാനും ആലോചന

ഇടുക്കി: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ കുടുംബം പരാതിയുമായി ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരമിരിക്കുമെന്നാണ് കുടുംബം പറയുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരം ഇയാള്‍ കസ്റ്റഡിയിലിരിക്കെ ഉരുട്ടലിനു വിധേയനായെന്നാണ് സൂചന. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യൂമോണിയ ആയി മാറിയതായിരിക്കാമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. വിരലുകള്‍ക്കും പരിക്കേറ്റു.

തുടയുടെ പിന്‍ഭാഗത്താണ് ചതവുകളുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം ചതവുകളുണ്ട്. കൂടാതെ, നാല് വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്.

Exit mobile version