‘അധികം വൈകാതെ കേരളത്തിലെ വളര്‍ത്തുനായകള്‍ക്ക് പിണറായിയുടെ പേരിട്ടാല്‍ ഞങ്ങളെ കുറ്റം പറയരുത്’: രഥയാത്രയ്ക്കിടെ അധിക്ഷേപവുമായി എഎന്‍ രാധാകൃഷ്ണന്‍

ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും.

കണ്ണൂര്‍: ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല വിഷയത്തില്‍ നടക്കുന്ന രഥയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തില്‍ മുന്നേറുകയാണെന്ന് രഥയാത്ര കണ്ണൂരിലെത്തിയപ്പോള്‍ സംസാരിക്കവെ എഎന്‍ രാധാകൃഷ്ണന്‍ ആക്ഷേപിച്ചു.

‘ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്‍ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിശ്വാസികള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് ടിപ്പു എന്നു പേരിട്ടിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ വീടുകളില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിനു ഞങ്ങളാരും ഉത്തരവാദിയായിരിക്കില്ല.’

അഞ്ചരക്കോടി വിശ്വാസികളാണ് വര്‍ഷം തോറും ശബരിമലയില്‍ എത്തുന്നത്. ഈ സംവിധാനത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. ഇതിനെതിരായാണ് അയ്യപ്പഭക്തരുടെ പോരാട്ടമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രഥയാത്രയെ തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമാണ് രഥയാത്രക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷനെതിരെയുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസും.

അവര്‍ക്കെതിരായി പിണറായി വിജയന്‍ ഒരു പിടി മണ്ണ് വാരിയിട്ടാല്‍ കോടാനുകോടി അയ്യപ്പഭക്തന്‍മാര്‍ ശരണം വിളികളുമായി മുന്നോട്ട് വരുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ശ്രീധരന്‍പിള്ളയ്‌ക്കോ തുഷാര്‍ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാല്‍ ഇവിടുത്തെ അയ്യപ്പഭക്തര്‍ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Exit mobile version