കെഎസ്ആർടിസി ബസ് വൈകി യാത്ര മുടങ്ങിയോ? എങ്കിൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും; ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് പിഴ

തിരുവനന്തപുരം: കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കാൻ പദ്ധതികൾ ാെരുങ്ങുന്നു. ഇനി മുതൽ കെഎസ്ആർടിസി ബസുകൾ വൈകിയതുകാരണം യാത്ര മുടങ്ങിയാൽ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറിൽ കൂടുതൽ ബസ് പുറപ്പെടാൻ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താൽ യാത്രക്കാർക്കു തുക തിരികെ ആവശ്യപ്പെടാമെന്നാണ് നിർദേശം.

ഈ പണം 24 മണിക്കൂറിനുള്ളിൽ തിരികെ നൽകും. റിസർവേഷൻ സംവിധാനത്തിലെ പിഴവുകൾ കാരണമാണെങ്കിൽ സേവനദാതാക്കളിൽനിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നൽകുകയും ചെയ്യും. ടിക്കറ്റ് റിസർവേഷൻ സംവിധാനം ഏറെക്കാലമായി പുറംകരാർ നൽകിയിരിക്കുകയാണ്. ഈ ഏജൻസികളുടെ പിഴവുകൾക്കും പിഴ ചുമത്തും.

അതേസമയം,വാഹനാപകടം, സാങ്കേതികത്തകരാർ എന്നിവ കാരണം യാത്ര പൂർത്തിയാക്കാതെ വന്നാൽ ടിക്കറ്റ് തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെനൽകും. ഇതിനാവശ്യമായ റിപ്പോർട്ട് ബന്ധപ്പെട്ട ഇൻസ്‌പെക്ടർ ഉടൻ നൽകണമെന്നാണ് നിർദേശം. തുക തിരികെ നൽകുന്നതിൽ വീഴ്ചവന്നാൽ ഉദ്യോഗസ്ഥരിൽനിന്നു പിഴ ഈടാക്കും.

റിസർവേഷൻ സംവിധാനത്തിലെ തകരാർ കാരണം യാത്രക്കാരന്റെ വിശദാംശങ്ങൾ അന്തിമ ചാർട്ടിൽ ഉൾപ്പെട്ടില്ലെങ്കിലും ടിക്കറ്റ് ചാർജ് തിരികെ നൽകും. റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പിൽനിന്നു യാത്രക്കാർക്ക് കയറ്റാൻ കഴിഞ്ഞില്ലെങ്കിലും തുക തിരികെ നൽകും.

also read-മദ്യലഹരിയിൽ പോർഷെ ഓടിച്ച് അപകടം; പതിനേഴുകാരന് മദ്യം നൽകിയ പബ്ബ് അടച്ചുപൂട്ടി; പിതാവ് കസ്റ്റഡിയിൽ

എസി സൂപ്പർക്ലാസ് സർവീസുകൾക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിൽ അതിന്റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂ. ശേഷിക്കുന്ന തുക തിരികെനൽകും. യാത്രാവേളയിൽ ഓൺലൈൻ ടിക്കറ്റ് ഹാജരാക്കാൻ കഴിയാതെവന്നാൽ ബസിൽനിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നും ഇത്തരം കേസുകളിൽ അടിസ്ഥാനനിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്രചെയ്തില്ലെങ്കിൽ റീഫണ്ടിന് അർഹതയുണ്ടാകില്ലെന്നുമാണ് കെഎസ്ആർടിസിയിലെ പുതിയ മാറ്റങ്ങളിൽ പറയുന്നത്.

Exit mobile version