പരാതിപ്പെട്ടിട്ടും കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചില്ല; തൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കടയുടെ തൂണിൽ നിന്നും വൈദ്യുതാഘാതമേറ്റ് കുറ്റിക്കാട്ടൂരിൽ യുവാവ് മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രദേശത്തെ പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. യാത്രയ്ക്കിടെ ഇരുചക്രവാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ ഷെഡ്ഡിലേക്ക് കയറ്റിയിടുന്നതിനിടെയാണ് പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസിനാണ് ദാരുണാന്ത്യമുണ്ടായത്.

ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ വെച്ച് സംഭവമുണ്ടായത്. വണ്ടി കേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡ്ഡിലേക്ക് കയറ്റിവെക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കൂട്ടാനെത്തിയ സഹോദരനുമുന്നിൽ റിജാസ് ഷോക്കേറ്റുവീഴുകയായിരുന്നു.

തുടർന്ന് ശബ്ദം കേട്ടെത്തിയവരുടെ സഹായത്തോടെ മുഹമ്മദ് റിജാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ- പ്ലസ്ടു വിജയിച്ച ആഘോഷത്തിൽ 17കാരൻ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തിൽ; ജീവനെടുത്തത് രണ്ട് യുവഎഞ്ചിനീയർമാരുടെ; സംഭവത്തിൽ ജനരോഷം

അതേസമയം, തൂണിൽ ഷോക്കുണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി മുഹമ്മദ് ആരോപിച്ചു. റിജാസിന്റെ മരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Exit mobile version