അഞ്ച് വര്‍ഷം നെഞ്ചോട് ചേര്‍ത്ത സേനാ യൂണിഫോം കാല്‍ക്കല്‍ വെച്ച് സൗമ്യയ്ക്ക് അവസാന സല്യൂട്ട്; കണ്ണീരണിഞ്ഞ് നാടും ഉറ്റവരും; തലകറങ്ങി വീണ് ഉറ്റസുഹൃത്ത്

ഭര്‍ത്താവ് സജീവ് ലിബിയയില്‍ നിന്നും നാട്ടിലെത്തിയതിനു ശേഷം ചടങ്ങുകള്‍ നടത്താനായി ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

വള്ളികുന്നം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അഗ്നിക്കിരയായ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരന് (34) നാടിന്റെയും ഉറ്റവരുടെയും അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11 മണിക്കു വള്ളികുന്നത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ഭര്‍ത്താവ് സജീവ് ലിബിയയില്‍ നിന്നും നാട്ടിലെത്തിയതിനു ശേഷം ചടങ്ങുകള്‍ നടത്താനായി ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പോലീസ് സ്റ്റേഷനില്‍ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. ജില്ലാ പോലീസ് മേധാവി കെഎം ടോമിയും സഹപ്രവര്‍ത്തകരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങളെ പരിശീലിപ്പിച്ചിരുന്ന സൗമ്യയ്ക്ക് കുട്ടി പോലീസുകാര്‍ യാത്രയയപ്പ് നല്‍കിയത്. തുടര്‍ന്നു മൃതദേഹം നാലുവിള ജങ്ഷനിലെ വീട്ടിലേക്കു കൊണ്ടുപോയി.

വീട്ടിലേക്ക് അവസാനമായി കയറി വന്ന സൗമ്യയ്ക്ക് ഭര്‍ത്താവ് വി സജീവ്, മക്കള്‍ ഋഷികേശ്, ആദിദേവ്, ഋതിക, സൗമ്യയുടെ മാതാപിതാക്കള്‍, സഹോദരി രമ്യ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ച് യാത്രയാക്കി. പരിശീലന കാലം മുതല്‍ അടുത്ത സുഹൃത്തായിരുന്ന മറ്റൊരു സൗമ്യ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിയെത്തിയത് കൂടി നിന്നവരില്‍ തേങ്ങലുയയര്‍ത്തി. പോലീസ് യൂണിഫോമിലെത്തിയ പിങ്ക് പോലീസ് സൗമ്യ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനിടെ ബോധം മറഞ്ഞ് വീണതും കണ്ണീരണിയിക്കുന്ന കാഴ്ചയായി.

പൊതുദര്‍ശത്തിനിടെ, സൗമ്യയുടെ യൂണിഫോം മൃതദേഹ പേടകത്തില്‍ വച്ചു വള്ളികുന്നം എസ്‌ഐ ഷൈജു ഇബ്രാഹിം അവസാന സല്യൂട്ട് നല്‍കി.

അതേസമയം, പ്രതി കാക്കനാട് വാഴക്കാല സ്വദേശി അജാസിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഗുരുതരമായ പൊള്ളലുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജാസ് ബുധനാഴ്ച വൈകിട്ടാണു മരിച്ചത്.

Exit mobile version