ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞെത്തിയ സഹോദരന്‍ കുഴഞ്ഞു വീണ് മരിച്ചു

പരുത്തിക്കുന്നന്‍ അബ്ദുള്‍ മജീദ്, സഹോദരന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്

കോട്ടക്കല്‍: ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പണിക്കര്‍പടിയിലാണ് സംഭവം. പരുത്തിക്കുന്നന്‍ അബ്ദുള്‍ മജീദ്, സഹോദരന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന അബ്ദുള്‍ മജീദിന്റെ ദേഹത്തേക്ക് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് ടിപ്പര്‍ ലോറി ഇടിച്ചുകയറി. ഇയാള്‍ ഉടന്‍ മരിച്ചു. അകടവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതായിരുന്നു അബ്ദുള്‍ മജീദിന്റെ സഹോദരന്‍ മുസ്തഫ.

തന്റെ സഹോദരനാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിഞ്ഞതോടെ മുസ്തഫ കുഴഞ്ഞു വീണു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എടരിക്കോട് ക്ലാരിമൂച്ചിക്കല്‍ സ്വദേശികളാണ് ഇരുവരും.

Exit mobile version