പ്രണയം തോന്നിയതോടെ വിവാഹാലോചനയുമായി വീട്ടിലെത്തി; ജാതകം ചേരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ പെട്രോളും ലൈറ്ററുമായി വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമം;

കോളേജില്‍ പഠിക്കുമ്പോള്‍ പരിചയം; പ്രണയം തോന്നിയതോടെ വിവാഹാലോചനയുമായി വീട്ടിലെത്തി; ജാതകം ചേരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ പെട്രോളും ലൈറ്ററുമായി വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമം; കൊല്ലത്ത് സംഭവിച്ചത്

കൊട്ടിയം: വീണ്ടും സംസ്ഥാനത്തെ നടുക്കി കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പെട്രോള്‍ ആക്രമണം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പ്രതികാരമാണ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിനകത്ത് കയറി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ഷിനു (25)വിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെണ്‍കുട്ടിയും വീട്ടുകാരും തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പ്രതികാരം തീര്‍ക്കാനാണ് കൊലപ്പെടുത്താന്‍ ഉറച്ചതെന്നാണ് യുവാവിന്റെ മൊഴി.

പെണ്‍കുട്ടിയെ വധിക്കുക എന്ന ലക്ഷ്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പ്രതി പെട്രോളും ലൈറ്ററും കൈയ്യില്‍ കരുതിയിരുന്നു. എന്നാല്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചെങ്കിലും പ്രതിയെ മറികടന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് പ്രതി ഷിനു പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഷിനു വരുന്നത് കണ്ട പെണ്‍കുട്ടി വീടിനകത്ത് കയറി വാതിലടച്ച ശേഷം ബന്ധുവിനെ വിവരം അറിയിച്ചു. വീടിന്റെ ഓടിളക്കി അകത്ത് കയറിയ പ്രതി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ശബ്ദമുണ്ടാക്കാതെ വീടിനകത്ത് മറഞ്ഞിരിക്കുകയായിരുന്നു പ്രതി. ഷിനു പോയെന്ന് കരുതി മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. എന്നാല്‍ വധശ്രമത്തെ ചെറുത്ത പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി. പിന്നീട് നാട്ടുകാരുടെ പിടിയിലായ പ്രതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.

ഷിനുവും പെണ്‍കുട്ടിയും പരിചയത്തിലാകുന്നത് പെണ്‍കുട്ടി കോളേജില്‍ പഠിക്കുന്ന കാലത്താണ്. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഇയാള്‍ വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. എന്നാല്‍ ജാതകം ചേരില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് താത്പര്യം ഇല്ലെന്ന് ഷിനുവിനെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ഷിനു പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവില്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വധിക്കാന്‍ ഷിനു പദ്ധതിയിടുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചോടുന്നത് കണ്ട് ഓടിക്കൂടിയ അയല്‍ക്കാരും ബന്ധുക്കളുമാണ് പ്രതിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചത്. കൊലപാതകം ലക്ഷ്യമിട്ട് കൊണ്ടുവന്ന ലൈറ്ററും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.

Exit mobile version