പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ

കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇന്ദിര പോലീസിന് മൊഴി നല്‍കി.

മാവേലിക്കര: മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഇന്ദിര. അജാസില്‍ നിന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും ഇക്കാര്യങ്ങള്‍ വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം എസ്‌ഐയെ മൂന്നുമാസം മുമ്പാണ് സൗമ്യ അറിയിച്ചതെന്നും ഇന്ദിര പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇന്ദിര പോലീസിന് മൊഴി നല്‍കി. നേരത്തെയും സൗമ്യയുടെ വീട്ടിലെത്തിയ അജാസ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നല്‍കി. ഒന്നര ലക്ഷം രൂപ അജാസില്‍ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസില്‍ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാന്‍ തയ്യാറായില്ല. കൊച്ചിയിലെത്തി പണം തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറില്‍ തിരികെ ആലപ്പുഴയിലെത്തിച്ചു. അജാസിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചപ്പോള്‍ തിരികെ അക്കൗണ്ടില്‍ ഇട്ടു. സൗമ്യ വിവാഹത്തിന് തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമായത്.

അതേസമയം, സൗമ്യയുടെ അമ്മയുടെ വാദം തള്ളി പോലീസ് രംഗത്തെത്തി. സൗമ്യ പരാതി പറഞ്ഞിരുന്നില്ലെന്നാണ് വള്ളിക്കുന്നം എസ്‌ഐ ഷൈജു ഇബ്രാഹിം പറയുന്നത്. സ്റ്റേഷനില്‍ ഉള്ളവരോട് ആരോടും സൗമ്യ പരാതിപ്പെട്ടിരുന്നില്ല. കൊലപാതക ശേഷമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version