ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയിടാന്‍ പുതിയ പദ്ധതി; കാട്ടാനകള്‍ക്കായി പാര്‍ക്ക് ഒരുങ്ങുന്നു

കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ചിന്നക്കനാല്‍: കാട്ടാന ശല്യം തടയാന്‍ പുതിയ പദ്ധതിക്ക് ഒരുങ്ങി വനംവകുപ്പ്. ഇടുക്കി ചിന്നക്കനാലില്‍ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 600 ഹെക്ടര്‍ ഭൂമിയില്‍ ആനത്താരകള്‍ സ്ഥാപിച്ച് പ്രത്യേക പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി.

ജനവാസ മേഖലയായ ചിന്നക്കനാലില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ശല്യം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് കാടിന്റെ വ്യാപ്തി കുറഞ്ഞതാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണമെന്ന് കണ്ടെത്തി. മാത്രമല്ല മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത ഇല്ലായ്മയും ആനകളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനകള്‍ക്കായ് പാര്‍ക്ക് സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.

മതികെട്ടാന്‍ ദേശീയോദ്യാനം മുതല്‍ ആനയിറങ്കല്‍ ജലാശയം വരെയുള്ള 600 ഹെക്ടര്‍ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടെ ആനത്താരകളടക്കം പുനസ്ഥാപിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

പദ്ധതിയ്ക്ക് ഭൂമി കണ്ടെത്തുന്നതിന്റെ ആദ്യപടിയായി വനം വകുപ്പ് എച്ച്എന്‍എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന 386 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചിന്നക്കനാല്‍ 301 ഏക്കര്‍ കോളനിയിലെ ആദിവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാണ് തീരുമാനം. ഇതിന്റെ ഭാഗമായി 50 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

Exit mobile version