ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ആസാമില്‍ നിന്നും തിരിച്ചെത്തി; ഉടന്‍ കസ്റ്റഡിയില്‍ എടുക്കില്ലെന്ന് ക്രൈം ബ്രാഞ്ച്; ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിപ്പ്

വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താനായി ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉയര്‍ന്ന ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടരുന്നു. വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താനായി ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും ഡ്രൈവര്‍ അര്‍ജുനാണെന്നും വ്യത്യസ്തമായ മൊഴികള്‍ ദൃക്‌സാക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ രേഖപ്പെടുത്തിയതോടെയാണ് ഇത്.

അതേസമയം, ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സംശയനിഴലിലുള്ള അര്‍ജുന്‍ കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ചിനെ ബന്ധുക്കള്‍ അറിയിച്ചു. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ ആസാമിലുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 3 തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജുന്‍ സംശയനിഴലിലായത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞത്. അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു പിന്നീട് നല്‍കിയ മൊഴി. മൂന്നാമതായി തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്ന് മൊഴി തിരുത്തി. ബാലഭാസ്‌കര്‍ മരിച്ചതോടെയാണ് അര്‍ജുന്‍ മൊഴി മാറ്റിയത്. ഇതോടെ, വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന ഫലത്തിന് കാക്കുകയാണ് ക്രൈംബ്രാഞ്ച്

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ അര്‍ജുന്‍ പ്രതിയായിരുന്നു. നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചും ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നു. ഇതിനുശേഷമാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറാകുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയുടെ ബന്ധുവാണ് അര്‍ജുന്‍.

Exit mobile version