ടിക് ടോക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ പെണ്‍കുട്ടിയെ ബൈക്കിന് പുറകില്‍ ഇരുത്തി ഒറ്റക്കാലില്‍ നിന്ന് അഭ്യാസ പ്രകടനം; യുവാവ് അറസ്റ്റില്‍

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ്

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിനെയും ലൈക്കുകളും വാരിക്കൂട്ടാന്‍ വിലപ്പെട്ട ജീവന്‍ പോലും പണയം വെച്ച് പലരും പല സാഹസിക പ്രവൃത്തികളും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. ടിക്ക് ടോക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ നടുറോഡില്‍ വെച്ച് അഭ്യാസം പ്രകടനം നടത്തുന്ന യുവാവിന്റെയും പെണ്‍കുട്ടിയുടെയും വീഡിയോ പുറകിലെ ബൈക്കിലെത്തിയ സുഹൃത്തുകളാണ് പകര്‍ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ്. സംഭവത്തില്‍ ബംഗളൂരു സ്വദേശിയും ബി. കോം വിദ്യാര്‍ത്ഥിയുമായ 21കാരന്‍ നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകിലിരുത്തി ഇയാള്‍ സീറ്റില്‍ എഴുന്നേറ്റ് നിന്നും ഇരുന്നും ഒറ്റക്കാലില്‍ നിന്നും മാറി മാറി വാഹനമോടിക്കുകയായിരുന്നു. നടുറോഡില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം.

ഇവരുടെ പിന്നില്‍ മറ്റ് ബൈക്കുകളിലെത്തിയ സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്കൊപ്പം പുറകിലുണ്ടായിരുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയില്ലെന്ന് യുവാവ് പറഞ്ഞു. തന്റെ ബൈക്ക് അഭ്യാസം കണ്ട് ആകൃഷ്ടയായ പെണ്‍കുട്ടി ബൈക്കിന്റെ പുറകില്‍ കയറുകയും വീഡിയോ എടുക്കുന്നതിനായി കൂടെ കൂടുകയുമായിരുന്നുവെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.

Exit mobile version