ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ ബലാത്സംഗ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ദുരൂഹം; കന്യാസ്ത്രീകള്‍ ആശങ്കയില്‍

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം ദുരൂഹമെന്ന് ആരോപണം.

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം ദുരൂഹമെന്ന് ആരോപണം. ഇതിനെതിരെ കന്യാസ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും രംഗത്ത്. കേസിന്റെ വിചാരണയെ പോലും ബാധിക്കുന്നതാണ് ഈ നടപടിയെന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡന കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റം. എസ്പിയേയും ഡിവൈഎസ്പിയേയും ഒരുമിച്ചു മാറ്റുന്നതില്‍ ആശങ്ക ഉണ്ടെന്ന് കന്യാസ്ത്രീക്ക് നീതി ലഭിക്കാനായി സമരരംഗത്തേയ്ക്ക് ഇറങ്ങിയ പ്രമുഖരിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നു തന്നെ മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. അതേ ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും എസ്ഒഎസ് ആരോപിക്കുന്നു.

Exit mobile version