ആശങ്ക ഒഴിഞ്ഞ് കേരളം; നിപ്പാ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാഫലം ഇന്ന്

ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി.

കൊച്ചി: കേരളത്തില്‍ നിന്നും നിപ്പാ ആശങ്ക ഒഴിയുന്നു. നിപ്പാ സ്ഥിരീകരിച്ച ഏക വിദ്യാര്‍ത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയതോടെ ആശ്വാസമായിരിക്കുകയാണ്. അതേസമയം, നിപ്പാ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ഇന്നു പുറത്തുവരും. കളമശ്ശേരിയിലും തൃശ്ശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തുവരിക.

ഇതിനിടെ, വൈറസ് ബാധയുടെ സംശയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി. മറ്റൊരാളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഇയാളുടെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. ഇയാള്‍ക്ക് പുറമെ തൃശ്ശൂരിലെ ആശുപത്രിയില്‍ ഉള്ള ഒരാളുടെ കൂടി സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

എന്നാല്‍ ഫലം നെഗറ്റീവ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിപ്പാ ബാധിതനുമായി ഇടപഴകിയ 329 പേര്‍ക്കും നിപ്പാ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രതാ തുടരാന്‍ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരേ സമയം 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷന്‍ വാര്‍ഡും ക്രമീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡോ.അശുതോഷിന്റെ നേതൃത്വത്തിലുള്ള പുതിയ മൂന്നംഗ സംഘം പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു.

Exit mobile version