ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എടിഎം കാര്‍ഡ് മോഷ്ടിച്ച് 10,000 രൂപ കവര്‍ന്നു; പരാതി

വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അകത്തുകയറിയ മോഷ്ടാവ് എടിഎം കാര്‍ഡ് ഉള്‍പ്പെടെ വെച്ചിരുന്ന പഴ്‌സ് മോഷ്ടിച്ച് കടന്നു കളഞ്ഞതായാണ് സംശയം

പേരാമ്പ്ര: വീട്ടില്‍നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ച് 10,000 രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പട്ടാണിപ്പാറയിലെ വിജയന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അകത്തുകയറിയ മോഷ്ടാവ് എടിഎം കാര്‍ഡ് ഉള്‍പ്പെടെ വെച്ചിരുന്ന പഴ്‌സ് മോഷ്ടിച്ച് കടന്നു കളഞ്ഞതായാണ് സംശയം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പുലര്‍ച്ചെ 5.30-നും 6 മണിക്കും ഇടയിലാണ് സംഭവം. വിജയന്‍ കാലത്ത് വീട്ടില്‍നിന്ന് പുറത്തു പോയസമയത്താണ് മോഷ്ടാവ് വീട്ടില്‍ കയറിയത്. ചാരിയിട്ട വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാവ് മേശപ്പുറത്തുണ്ടായിരുന്ന പേഴ്‌സുമായി കടന്നുകളയുകയായിരുന്നെന്ന് സംശയിക്കുന്നു. ഈ പേഴ്‌സില്‍ ഭാര്യയുടെ എടിഎം കാര്‍ഡിനൊപ്പം പാസ് വേര്‍ഡ് എഴുതിയ പേപ്പറും 80 രൂപയുമുണ്ടായിരുന്നതായി വിജയന്‍ പറഞ്ഞു.

മൊബൈലില്‍ 10,000 രൂപ പിന്‍വലിച്ചതായുള്ള മെസേജ് വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 6.12-ന് തുക പിന്‍വലിച്ചതായാണ് ബാങ്കിന്റെ മെസേജിലുള്ളത്. തുടര്‍ന്ന് വിജയന്റെ ഭാര്യ ഗീത പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. ഗീതയുടെ പേരില്‍ കൂത്താളി കനറാ ബാങ്കിലെ അക്കൗണ്ടില്‍ ആകെ 10,300 രൂപയേ ഉണ്ടായിരുന്നുള്ളൂ.

Exit mobile version