മോഷണക്കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: കവര്‍ച്ചാ കേസില്‍ കസ്റ്റഡിലായിരുന്ന പ്രതി കോടതിയില്‍ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. വര്‍ക്കല അയിരൂരില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. നേപ്പാള്‍ സ്വദേശി രാംകുമാറാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. മോഷണ ശേഷം മതില്‍ കമ്പിയില്‍ കാല്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു നേപ്പാള്‍ സ്വദേശി രാംകുമാറിനെ നാട്ടുകാര്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടുകാരെ മയക്കി കിടത്തിയായിരുന്നു മോഷണം. വര്‍ക്കല ഹരിഹരപുരം എല്‍ പി സ്‌കൂളിന് സമീപമുളള ലൈംവില്ല എന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. ശ്രീദേവി, മകന്റെ ഭാര്യ ദീപ ഹോം നഴ്‌സ് എന്നിവരും വീട്ടുജോലിക്കാരിയായ നേപ്പാളി സ്വദേശിനിയുമാണ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. എന്നും രാത്രി 9ന് വീട്ടിലേക്ക് വിളിക്കുന്ന ശ്രീദേവിയുടെ മകന്‍ പതിവ് പോലെ വിളിച്ചപ്പോള്‍ ആരെയും കിട്ടിയില്ല. നിരന്തരം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. ബന്ധുവായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ഇവര്‍ക്ക് ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി കൊടുത്തതിനെ തുടര്‍ന്ന് ശ്രീദേവിയും മകന്റെ ഭാര്യയും മയക്കത്തിലായിരുന്നു. 15 ദിവസം മുന്‍പ് മാത്രം വീട്ടുജോലിക്കെത്തിയ നേപ്പാളി യുവതിയാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കി മോഷണത്തിന് നേതൃത്വം കൊടുത്തതെന്നാണ് പോലീസിന്റെ സംശയം.

യുവതിക്കൊപ്പം മോഷണ സംഘത്തില്‍ നാല് പേര്‍ കൂടിയുണ്ടെന്ന് സമീപത്തെ ക്യാമറകളില്‍ നിന്ന് വ്യക്തമായി. ഇവര്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായും തെളിവ് ലഭിച്ചിരുന്നു. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ രാത്രിതന്നെ പിടികൂടി. ഇതിലൊരാളായിരുന്നു മതില്‍ കമ്പിയില്‍ കാല്‍കുടങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ രാംകുമാര്‍.

Exit mobile version