വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ബിജെപിയില്‍! ബി ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിച്ചു

കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിക്കുകയായിരുന്നു.

തൃശ്ശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് തിരിച്ചടിയായി മുന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും കേരളാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ കെജി മോഹനന്‍ ബിജെപിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിക്കുകയായിരുന്നു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രവികുമാര്‍ ഉപ്പത്ത്, മണ്ഡലം പ്രസിഡന്റ് എംജി പ്രശാന്ത് ലാല്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും ഫെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയും ചെയ്തിരുന്നു ഇദ്ദേഹം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണ കാലം തൊട്ട് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1985 മുതല്‍ ബിജെപി ബിഎംഎസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഭാരവാഹിത്വം വഹിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ 2016 നിയമസഭാ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി വെല്‍ഫെയര്‍ പാര്‍ട്ടി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ്.

Exit mobile version