യുഡിഎഫിന് 15; എല്‍ഡിഎഫ് നാലിടത്ത് മാത്രം; തിരുവനന്തപുരത്ത് എന്‍ഡിഎ അക്കൗണ്ട് തുറക്കും; ഒരേ മനസോടെ പ്രവചിച്ച് മാതൃഭൂമിയും മനോരമയും

മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും മാതൃഭൂമി-ജിയോ വൈഡ് എക്‌സിറ്റ് പോള്‍ ഫലവും 13-15 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും

കൊച്ചി: കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം ഉറപ്പിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തില്‍ യുഡിഎഫ് വന്‍ശക്തിയാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട് പ്രമുഖ മാധ്യമങ്ങളായ മാതൃഭൂമിയും മനോരമയും. മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും മാതൃഭൂമി-ജിയോ വൈഡ് എക്‌സിറ്റ് പോള്‍ ഫലവും 13-15 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് 2 മുതല്‍ 4 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. അതേസമയം, തിരുവനന്തപുരം സീറ്റില്‍ വിജയിച്ച് എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ഇരുമാധ്യമങ്ങളും പ്രവചിക്കുന്നു.

മനോരമ, യുഡിഎഫ് ഒന്നും ബിജെപി നാലും ശതമാനം വോട്ടുവിഹിതം കൂടുതല്‍ നേടുമെന്നും എല്‍ഡിഎഫിന് നാലു ശതമാനം വോട്ട് കുറയുമെന്നും എക്സിറ്റ് പോളില്‍ അഭിപ്രായപ്പെടുന്നു.

അഞ്ച് മണ്ഡലങ്ങളിലാണ് ഫലത്തില്‍ ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് മനോരമ ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. പാലക്കാട്ടും ആറ്റിങ്ങലും മാത്രമാണ് എല്‍ഡിഎഫ് വ്യക്തമായി ജയിക്കുമെന്നും പ്രവചിക്കുന്നത്.

അതേസമയം, ആറ്റിങ്ങല്‍, പത്തനംതിട്ട,ആലപ്പുഴ, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് മണ്ഡലങ്ങളില്‍ ഫലം എങ്ങോട്ട് വേണമെങ്കിലും മാറിമറിയാമെന്ന് പ്രവചിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് വോട്ട് വിഹിതത്തിലെ വ്യത്യാസം. അതിനാല്‍ തന്നെ പ്രവചനങ്ങള്‍ക്ക് അതീതമാണ് ഈ മണ്ഡലങ്ങളെന്നാണ് മാതൃഭൂമി- ജിയോ വൈഡ് എക്‌സിറ്റ് പോളിന്റെ നിലപാട്.

അതേസമയം, കടുപ്പമേറിയ പോരാട്ടം നടന്ന ആലത്തൂരില്‍ മാതൃഭൂമിയും മനോരമയും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ വിജയം പ്രഖ്യാപിക്കുന്നു. മൂന്നാം തവണയും ജനവിധി തേടുന്ന എല്‍ഡിഎഫിന്റെ പികെ ബിജുവിനെ ഇത്തവണ ജനങ്ങള്‍ കൈവിടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇടുക്കി, തൃശ്ശൂര്‍, ചാലക്കുടി, ആലത്തൂര്‍, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുക്കും. നിലനിര്‍ത്തുന്ന കൊല്ലം, മാവേലിക്കര, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നിവിടങ്ങളില്‍ വോട്ട് ശതമാനം ഒരു ശതമാനത്തോളം വര്‍ധിക്കുമെന്നും മാതൃഭൂമി പ്രവചിക്കുന്നു. ഒപ്പം ആലപ്പുഴ, കോഴിക്കോട് സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും നിലവിലുള്ള ആറ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും പ്രവചിക്കപ്പെടുന്നു.

ബിജെപി പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയില്‍ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണിയും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ജയിക്കുമെന്ന് മനോരമയുടെ പോള്‍ ഫലത്തില്‍ പറയുന്നു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

കണ്ണൂരില്‍ 43 %വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ്- 41% മായിരിക്കും വോട്ട്. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തോല്‍വിയും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വിജയവും പ്രവചിക്കപ്പെട്ടു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ് വിജയസാധ്യത. പാലക്കാട് ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മനോരമ പ്രവചിക്കുന്നു. 42 % വോട്ടാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് 41 ശതമാനവും എന്‍ഡിഎക്ക് 11 ശതമാനവും ലഭിക്കും.

Exit mobile version