നടയടയ്ക്കുന്ന കാര്യം പിഎസ് ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച ചെയ്ത സംഭവം; കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

പന്തളം: ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുന്നതിനെ സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുമായി സംസാരിച്ച സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. തുടര്‍നടപടികള്‍ കണ്ഠര് രാജീവരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഇക്കാര്യം ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസാണ് അറിയിച്ചത്. മാതൃഭൂമി ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ തവണ തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന സമയത്ത് പരികര്‍മികളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ രാഷ്ട്രീയമുള്ളതായി സംശയമുണ്ടെന്നും ശങ്കര്‍ദാസ് കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ നട അടക്കുന്നതിനായി തന്ത്രി തന്നെ വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു. കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി തന്നോട് ചോദിച്ചു. കോടതി അലക്ഷ്യം നിലനില്‍ക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കി.

ഇതിന് ശേഷമായിരുന്നു തന്ത്രി നട അടക്കല്‍ പ്രഖ്യാപിച്ചതെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു.

Exit mobile version