ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുത്തു; കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം എംസി റോഡിലാണ് ദാരുണ സംഭവം നടന്നത്.

കോട്ടയം: ബസില്‍ യാത്ര ചെയ്യവേ റോഡരികിലെ കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം എംസി റോഡിലാണ് ദാരുണ സംഭവം നടന്നത്.

കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ റോഡരികിലേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം നടന്നത്.

റോഡരികിലെ ബേക്കറി ഉടമ റോഡിലേക്ക് അനധികൃതമായി ഇരുമ്പ് ഷീറ്റ് ഇറക്കി കെട്ടിയിരുന്നു. ഈ ഷീറ്റ് ഉറപ്പിക്കാന്‍ വെച്ച എട്ട് അടിയോളം നീളം വരുന്ന ഇരുമ്പ് കമ്പി റോഡിലേക്ക് നീണ്ടു നിന്നിരുന്നു. ഈ കമ്പി ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്ന അഞ്ജുവിന്റെ കണ്ണിലേക്ക് തുളഞ്ഞുകയറി.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. കെഎസ്ആര്‍ടസി അടൂര്‍ ഡിപ്പോയിലേതായിരുന്നു അഞ്ജു സഞ്ചരിച്ചരുന്ന ബസ്. സംഭവത്തില്‍ അടൂര്‍ ഡിപ്പോയിലെ ഡ്രൈവറെ ഒന്നാം പ്രതിയും ബേക്കറി ഉടമയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version