കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ മേയര്‍ കാര്‍ നിര്‍ത്തിയിട്ട സംഭവം; പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം

അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് നിര്‍ദ്ദേശം നല്‍കിയത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്‍കിയ പരാതി.

ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവര്‍ യദു പരാതിയുമായി കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മേയര്‍ക്കും എംഎല്‍എക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.

ALSO READ പൂഞ്ചില്‍ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

അതേസമയം, പൊതുഗതാഗതം തടസ്സപ്പെടുത്തിയതില്‍ മേയര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയല്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കന്റോണ്‍മെന്റ് പോലീസിനോട് അന്വേഷിച്ച് നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്.

Exit mobile version