മുഖം മറച്ചുള്ള വസ്ത്രങ്ങളുടെ നിരോധനം; എംഇഎസില്‍ പൊട്ടിത്തെറി; എതിര്‍പ്പ് അറിയിച്ച് കാസര്‍കോട് ഘടകം

കാസര്‍കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച സര്‍ക്കുലറിനെ ചൊല്ലി എംഇഎസില്‍ പൊട്ടിത്തെറി. കാസര്‍കോട് ഘടകം നിരോധനത്തിന് എതിരെ രംഗത്ത് വന്നു. കണ്ണൂര്‍ സര്‍വകലാ ശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ ഖാദര്‍മാങ്ങാട് പ്രസിഡന്റായ എംഇഎസിന്റെ ജില്ലാ ഘടകമാണ് നിരോധനത്തിന് എതിരെ രംഗത്ത് വന്നത്.

മുസ്ലീം മതചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും ജില്ലാ ഘടകം പ്രസ്താവനയില്‍ പറഞ്ഞു. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എംഇഎസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

എംഇഎസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്ര ധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കുലര്‍. മുഖം മറയ്ക്കുന്നത് ഇസ്ലാം മതത്തില്‍ ഉള്ളതല്ലെന്നും 90 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയ്ക്കാറില്ലെന്നും എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version