എംഇഎസിലെ നിഖാബ് നിരോധനം; ജില്ലാ ഘടകത്തിലും അഭിപ്രായ വ്യത്യാസം; എതിര്‍ത്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഖാദര്‍ മാങ്ങാട് രാജിവെച്ചു

ജില്ലാ കമ്മിറ്റിയിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി.

കാസര്‍കോട്: എംഇഎസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് എംഇഎസിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി. മീറ്റിങ് ചേരാതെ ജില്ലാകമ്മിറ്റിക്കു വേണ്ടി പ്രസ്താവന ഇറക്കിയതും മുഖം മറക്കുന്നത് സംബന്ധിച്ച് എംഇഎസ് സംസ്ഥാന സമിതി തീരുമാനം എടുത്തിരുന്ന കാര്യം അന്വേഷിക്കാതെ തന്നെ സംസ്ഥാന പ്രസിഡന്റിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന പ്രസ്താവന ഇറക്കിയതും തെറ്റാണെന്ന് ഖാദര്‍ മാങ്ങാട് പറഞ്ഞു.

ഇതിന്റെ പേരില്‍ കമ്മിറ്റിയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് താന്‍ എംഇഎസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നുവെന്നാണ് ഖാദര്‍ മാങ്ങാടിന്റെ പ്രസ്താവന.

‘അഭിപ്രായങ്ങള്‍ ഉള്ളിടത്തു അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണല്ലോ. നല്ലചര്‍ച്ചകള്‍ ആരോഗ്യകരമായ ജനാധിപത്യ വളര്‍ച്ചക്ക് ഉപകരിക്കും. പ്രസ്താവന എന്റെ സമ്മതത്തോടു കൂടിതന്നെയാണ്. ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണു എന്റെ പ്രശ്നം. മുഖം മറക്കാനോ മറക്കാതിരിക്കാനോ സ്വാതന്ത്രമുണ്ടാകണം എന്നതാണ് എന്റെ നിലപാട്’ എന്നും ഖാദര്‍ മാങ്ങാട് രാജിക്കത്തില്‍ പറഞ്ഞു.

കാസര്‍കോട് ജില്ലാ എംഇഎസ് കമ്മിറ്റി നിഖാബ് നിരോധിച്ച നടപടിക്കെതിരെ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് എംഇഎസ് കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവും ലീഗല്‍ അഡൈ്വസറുമായ ശുക്കൂര്‍ വക്കീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്ന് പിന്നാലെയാണ് ഖാദര്‍ മാങ്ങാട് രാജിവെച്ചത്. എംഇഎസ് ഇറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട ഒരു യോഗം ചേരുകയോ അത് സംബന്ധമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും ശുക്കൂര്‍ പറഞ്ഞിരുന്നു.

Exit mobile version