മാന്യതയും അന്തസും കാത്തുസൂക്ഷിക്കാന്‍, നിഖാബ് മാത്രമല്ല; ജീന്‍സും ലെഗ്ഗിന്‍സും എംഇഎസില്‍ വിലക്കി ഫസല്‍ ഗഫൂര്‍

മുഖ്യധാരാ സമൂഹം ഇത്തരം വസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

മലപ്പുറം: മുഖം മറയ്ക്കുന്ന നിഖാബ് പോലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ജീന്‍സിനും ലെഗ്ഗിന്‍സിനും എംഇഎസ് കോളേജുകളില്‍ വിലക്ക്. സംസ്‌കാരത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും നിരക്കാത്ത വസ്ത്രങ്ങളാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവയ്ക്ക് വിലക്ക് ഏര്‍പ്പെടുന്നതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ വിശദീകരിക്കുന്നു. സ്‌ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ഫസല്‍ ഗഫൂറിന്റെ വിശദീകരണം. മുഖ്യധാരാ സമൂഹം ഇത്തരം വസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ നിയമം ബാധകമാണ്. ആണ്‍കുട്ടികളും സാമൂഹിക അംഗീകാരമുള്ള മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിനികള്‍ നമ്മുടെ സാംസ്‌കാരിക, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് അനുസരിച്ച് വസ്ത്രധാരണത്തില്‍ മാന്യതയും അന്തസ്സും കാത്തു സൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. ഏതാണ് മോശം വസ്ത്രമെന്ന് പറയുക എളുപ്പമല്ല. ഉദാഹരണത്തിന്, കേരളത്തില്‍ സാരി അന്തസുള്ള വസ്ത്രമായാണ് കണക്കാക്കുന്നത്. എന്നാല്‍, അതും നല്ല രീതിയിലും മോശം രീതിയിലും ഉടുക്കാനാവും’-ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സ്വന്തം മതാചാര പ്രകാരമുള്ള നിയമങ്ങളാണ് എംഇഎസ് സ്ഥാപനങ്ങളില്‍ പിന്തുടരുന്നത്. അത് അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരവരുടെ മതങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ നിയമം നടപ്പിലാക്കും- ഫസല്‍ ഗഫൂര്‍ പറയുന്നു.

Exit mobile version