മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച സര്‍ക്കുലര്‍; എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന് വധഭീഷണി

കോഴിക്കോട്: മുഖം മറയ്ക്കുന്ന വസ്ത്രം എംഇഎസ് കോളേജുകളില്‍ നിരോധിച്ചതിന് പിന്നാലെ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന് ഫോണിലൂടെ വധഭീഷണി. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്.
പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്ര ധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കുലര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിലക്ക് നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മുഖം മറയ്ക്കുന്നത് ഇസ്ലാം മതത്തില്‍ ഉള്ളതല്ലെന്നും 90 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയ്ക്കാറില്ലെന്നും എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

പിന്നാലെ ഇതിനെ വിമര്‍ശിച്ചും, അനുകൂലിച്ചും വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നു. എംഇഎസിന് അകത്ത് നിന്ന് തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായി. കാസര്‍കോട് ഘടകം പ്രസിഡന്റ് ഖാദര്‍ മാങ്ങാടാണ് സര്‍ക്കുലറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

Exit mobile version