ഗംഭീറിന് ഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ കോളേജ് വിദ്യാര്‍ഥിയെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീറിന് നേരെ വധിഭീഷണി സന്ദേശമയച്ചത് പാക്‌സിതാനിലെ വിദ്യാര്‍ഥിയെന്ന് ഡല്‍ഹി പോലീസ്. ഐഎസ് കശ്മീര്‍ ഭീകരരുടെ സന്ദേശമാണെന്നാണ് ഗംഭീര്‍ പരാതിയില്‍ ആരോപിച്ചിരുന്നതെങ്കിലും പാകിസ്താനിലെ വിദ്യാര്‍ഥിയാണെന്ന് ഡല്‍ഹി പോലീസ് സൈബര്‍ സെല്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ഷഹീദ് ഹമീദി എന്നയാളാണ് ഇമെയില്‍ സന്ദേശത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും വധിക്കാന്‍ പോകുന്നുവെന്നായിരുന്നു ആദ്യത്തെ ഇമെയില്‍ സന്ദേശം. പിന്നാലെ “ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്നുദ്ദേശിച്ചിരുന്നു. പക്ഷേ നിങ്ങള്‍ ഇന്നലെ രക്ഷപെട്ടു. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ ഇഷ്ടപ്പെടുന്നുവെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കണം.” എന്ന സന്ദേശവുമെത്തി. ഗംഭീറിന്റെ വീടിന് പുറത്ത് നിന്നുള്ള വീഡിയോയും ഈ സന്ദേശത്തിനൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഗംഭീര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വീഡിയോ യൂട്യൂബിലേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പും വധിഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗംഭീര്‍ പോലീസിനെ സമീപിച്ചിരുന്നു. അന്ന് അന്താരാഷ്ട്ര നമ്പറില്‍ നിന്നും ഫോണിലൂടെയായിരുന്നു ഭീഷണി.

Exit mobile version