കാത്തിരുന്നത് അഞ്ച് വർഷം; കൊൽക്കത്തക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താനിൽ നിന്നുമെത്തി ജവേരിയ; വാഗ അതിർത്തിയിൽ സ്വീകരിച്ച് കുടുംബം

അമൃത്സർ: അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഈ ഇന്ത്യാ-പാക് അതിർത്തികളെ ഭേദിച്ച പ്രണയിതാക്കൾ. സ്‌നേഹത്തേക്കാൾ വലുതല്ല അതിരുകളെന്ന് തെളിയിച്ചാണ് നിരന്തരമായ ശ്രമത്തിന് ഒടുവിൽ ഇന്ത്യൻ വിസ ലഭിച്ച് ജവേരിയ ഖാനവും കൊൽക്കത്ത സ്വദേശിയായ സമീർ ഖാനും ഒന്നിാകുന്നത്.

കറാച്ചിയിൽ നിന്നും റോഡ് മാർഗമാണ് ജവേരിയ ഇന്ത്യയിലെത്തിയത്. അഞ്ച് വർഷം നീണ്ട പ്രണയമായിരുന്നു സമീർ ഖാനും ജവേരിയ ഖാനത്തിന്റേയും. ജനുവരിയിലെ ആദ്യ ആഴ്ചയിലാണ് ഇരുവരുടെയും വിവാഹം. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ വിസക്കുള്ള ശ്രമത്തിലായിരുന്നു യുവതി. എന്നാൽ, കോവിഡും വിസ അപേക്ഷ നിരസിച്ചതും തിരിച്ചടിയായി. ഇപ്പോൾ 45 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുള്ള വിസ നേടിയാണ് യുവതി ഇന്ത്യയിലെത്തിയത്.

വാഗ- അട്ടാരിബാഗ് അതിർത്തി വഴി ഇന്ത്യയിലെത്തിയ ജവേരിയയെ സമീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്നും തനിക്കിവിടെ വളരെയേറെ സ്‌നേഹം ലഭിക്കുന്നുവെന്നും ജവേരിയ പറഞ്ഞു.

ജർമനിയിൽ നിന്ന് പഠനം പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയ സമീർ, അമ്മയുടെ ഫോണിൽ നിന്നും യാദൃശ്ചികമായി കണ്ടതാണ് ജവേരിയയുടെ ഫോട്ടോ. പിന്നീട് ഫോണിലൂടെ പരിചയപ്പെടുകയും യുവതിയോട് പ്രണയം തുറന്നു പറയുകയുമായിരുന്നു.

പിന്നീടാണ് വിവാഹാലോചനകൾ നടന്നത്. വിവാഹം നിശ്ചയിച്ചെങ്കിലും വിസാ പ്രശ്‌നമാണ് തടസങ്ങൾ സൃഷ്ടിച്ചത്. ഒടുവിൽ സന്ദർശനം അനുവദിച്ച ഇന്ത്യ സർക്കാറിന് ജവേരിയയും സമീറും നന്ദി പറഞ്ഞു. വിവാഹത്തിന് ജർമ്മനി, യുഎസ്, ആഫ്രിക്ക, സ്‌പെയ്ൻ അടക്കമുള്ള സുഹൃത്തുക്കളും പങ്കെടുക്കും.

ALSO READ- നാലുകൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ‘അമൃതേശ്വര ഭൈരവൻ’! ശ്രീനഗറിൽ കണ്ട അതേ ശിൽപം സ്വന്തമാക്കി മോഹൻലാൽ

നേരത്തെ, പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദർ നേപ്പാൾ വഴി കാമുകനായ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയെ കാണാൻ വിസയില്ലാതെ ഇന്ത്യയിലെത്തിയത് വലിയ വാർത്തയായിരുന്നു. കറാച്ചി സ്വദേശിനിയായ സീമ നാല് മക്കളുമായാണ് ഇന്ത്യയിലെത്തിയത്. നിലവിൽ സീമയും കുട്ടികളും ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്നതായാണ് വിവരം.

Exit mobile version