നിഖാബ് നിരോധനത്തില്‍ എംഇഎസില്‍ പൊട്ടിത്തെറി;ഫസല്‍ ഗഫൂര്‍ വ്യക്തിപരമായ തീരുമാനം അടിച്ചേല്‍പ്പിക്കുന്നു; പരസ്യ എതിര്‍പ്പുമായി കാസര്‍കോട് ഘടകം

നിഖാബ് നിരോധിച്ചത് ഡോ. ഫസല്‍ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എംഇഎസിന്റെ മുഴുവന്‍ നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കാസര്‍കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ തീരുമാനത്തിനെതിരെ കാസര്‍കോട് ജില്ലാഘടകം രംഗത്ത്.

മുഖം മറക്കുന്ന വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവും എംഇഎസ് കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ഡോ.ഖാദര്‍ മാങ്ങാട് പ്രസ്താവനയിറക്കി.

ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ് ഹാജി എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. നിഖാബ് നിരോധിച്ചത് ഡോ. ഫസല്‍ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എംഇഎസിന്റെ മുഴുവന്‍ നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 30ന് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

അതേസമയം, അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇകെ സുന്നി അടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Exit mobile version