ആതിര ദേഷ്യം തീര്‍ക്കുന്നത് കുഞ്ഞിനെ മര്‍ദ്ദിച്ച്; ഒരിക്കലും പുറത്തിറക്കാതേയും സമപ്രായക്കാരോടൊപ്പം കളിക്കാന്‍ സമ്മതിക്കാതേയും ക്രൂരത; പുത്തനുടുപ്പോ ഒരു കളിപ്പാട്ടമോ ഇല്ല; കുഞ്ഞ് ആദിഷ അനുഭവിച്ചത് കൊടും ക്രൂരതകള്‍

ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്.

ചേര്‍ത്തല: അമ്മ ആതിര പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ആദിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതിനു മുമ്പും കുഞ്ഞിനോട് കാണിച്ചത് കടുത്ത അവഗണനയും മര്‍ദ്ദനങ്ങളുമുള്‍പ്പടെ കൊടുംക്രൂരതകളെന്നും പോലീസിന്റെ കണ്ടെത്തല്‍. അയല്‍ക്കാരുടെ മൊഴിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആതിരയെക്കുറിച്ച് നാട്ടിലുള്ളവര്‍ക്ക് പറയാനുള്ളത് പരാതി മാത്രം. മിക്കദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ഷാരോണിന്റെ സഹോദരി ശില്‍പയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറയുന്നു. ആതിരയുടെ ഭര്‍ത്താവ് ഷാരോണും ഭര്‍തൃമാതാവ് പ്രിയയും ചെമ്മീന്‍ പീലിങ് ഷെഡ്ഡില്‍ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ ആതിര കതകടച്ച് വീടിനുള്ളിലിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ല.

ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയല്‍ക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാല്‍, ആതിര അവന്തികയുമായി കളിക്കാന്‍ സമ്മതിക്കാറുണ്ടായിരുന്നില്ല. വഴക്കിനിടയില്‍ തടസ്സം പിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയല്‍വീടുകളുടെ മുകളിലേക്കു വലിച്ചെറിയുകയും വഴക്കിടുകയും ചെയ്യുന്ന ശീലവുമുണ്ടായിരുന്നു.

ഇതിനിടെ, തെളിവെടുപ്പിനായി ആദിഷയുടെ കൊല്ലംവെളി കോളനിയിലെ വീട്ടിലെത്തിയ അന്വേഷണസംഘം കുഞ്ഞിന് കളിക്കാന്‍ ഒരു കളിപ്പാട്ടമോ പുത്തന്‍ വസ്ത്രമോ കാണാതെ അമ്പരന്നിരുന്നു. ഒരു പിഞ്ചുകുഞ്ഞ് വളര്‍ന്ന വീടാണെന്നതിന്റെ ഏക തെളിവ് അയയില്‍ കിടന്ന പഴയ കുഞ്ഞുടുപ്പു മാത്രമായിരുന്നു. അതേസമയം, തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയല്‍വാസികളില്‍ ചിലര്‍ പരാതിപ്പെടുന്നു.

Exit mobile version