നിത്യവും അടിപിടിയും വഴക്കും; കൊല്ലംവള്ളിയിലെ ആ വീട് എന്നും പോലീസിന് തലവേദന; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് നിരന്തര മര്‍ദ്ദനത്തിന് പിന്നാലെ; പക്ഷെ എന്തിന്?

നിത്യവും വഴക്കും കുടുംബാംഗങ്ങള്‍ തമ്മിലുളള തല്ലും ഇവരെ പോലീസ് സ്റ്റേഷനിലും സ്ഥിരമായി എത്തിച്ചിരുന്നു.

ആലപ്പുഴ: ഒന്നേകാല്‍ വയസ് മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞിനെ അമ്മ ആതിര കൊലപ്പെടുത്തിയത് എന്തിന്? നാട്ടുകാരും പോലീസും നിരന്തരം ചോദിച്ചിട്ടും ഇനിയും ഉത്തരം കണ്ടെത്താനായില്ല. പട്ടണക്കാട്ട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ ആതിരയെ പോലീസ് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ ചോദ്യം ചെയ്‌തെങ്കിലും കേസില്‍ പങ്കില്ലെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞിന്റെ പിതാവ് ഷാരോണിനേയും മാതാപിതാക്കളേയും പോലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായ ആതിരയെ ഇന്ന് വീട്ടില്‍ എത്തിച്ചു തെളിവെടുക്കും. ഫോറന്‍സിക്ക് വിദഗ്ധരും പരിശോധന നടത്തും.

കൊലപാതകത്തിനു പിന്നിലുളള കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് പോലീസ്. എന്തിനാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നതിന്റെ കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിനും വെളിപ്പെടാത്തതിനാല്‍, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.

അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നെന്ന് പോലീസ് പറയുന്നു. ബന്ധുക്കള്‍ തമ്മിലുള്ള അടിപിടി ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. നിത്യവും വഴക്കും കുടുംബാംഗങ്ങള്‍ തമ്മിലുളള തല്ലും ഇവരെ പോലീസ് സ്റ്റേഷനിലും സ്ഥിരമായി എത്തിച്ചിരുന്നു. രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭര്‍തൃ മാതാവിന്റെ മൊഴിയുണ്ടെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഒപ്പം, ബാഹ്യമായ മറ്റിടപെടല്‍ കൊലയ്ക്ക് പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ തെളിവിനായി വീട്ടിലും പരിസര പ്രദേശങ്ങളിലും ഫോറന്‍സിക്ക് സംഘം ഇന്ന് പരിശോധന നടത്തും. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ഉച്ചസമയത്ത് ഭര്‍തൃപിതാവ് ബൈജു മാത്രമേ വീട്ടിലുണ്ടായിരുന്നുളളു എന്നാണ് വിവരം. കുഞ്ഞിന്റെ കരച്ചില്‍ ഒരു തവണ കേട്ടു എന്നാണ് ബൈജുവിന്റ മൊഴി. അറസ്റ്റിലായ ആതിരയെ ഇന്ന് ഉച്ചയോടെ ചേര്‍ത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ചേര്‍ത്തല എഎസ്പി യുടെ മേല്‍നോട്ടത്തില്‍ പട്ടണക്കാട് എസ്‌ഐയ്ക്കാണ് കേസിന്റെ ചുമതല.

Exit mobile version