‘സൗകര്യങ്ങള്‍ കുറവാണെങ്കിലും നിങ്ങളെ സുരക്ഷിതമായി ബാംഗ്ലൂര്‍ എത്തിക്കാന്‍ ഞങ്ങളുണ്ട്’; കല്ലടയെ കൊട്ടി യാത്രക്കാരെ ആകര്‍ഷിച്ച് കെഎസ്ആര്‍ടിസിയുടെ കിടിലന്‍ പരസ്യം

സുരേഷ് കല്ലട ബസിന്റെ യാത്രക്കാരോടുള്ള ക്രൂരതയ്ക്ക് പിന്നാലെ യാത്രക്കാരെ ആശ്വാസിപ്പിച്ച് കെഎസ്ആര്‍ടിസി.

കായംകുളം: ഒട്ടേറെ മലയാളികള്‍ ബംഗളൂരുവിലേക്ക് എത്തിപ്പെടാനും തിരിച്ചെത്താനും ആശ്രയിക്കുന്ന സ്വകാര്യ ട്രാവല്‍സ് സുരേഷ് കല്ലട ബസിന്റെ യാത്രക്കാരോടുള്ള ക്രൂരതയ്ക്ക് പിന്നാലെ യാത്രക്കാരെ ആശ്വാസിപ്പിച്ച് കെഎസ്ആര്‍ടിസി. സുരക്ഷിതമായി യാത്രക്കാരെ ബംഗളൂരുവില്‍ എത്തിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാഗ്ദാനം. കായംകുളം കെഎസ്ആര്‍ടിസിയാണ് വ്യത്യസ്തമായ പരസ്യവുമായി യാത്രക്കാരെ ആകര്‍ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന സ്‌കാനിയ ബസുകളുടെ സമയവും യാത്രാ വഴികളും വിശദീകരിച്ചാണ് പരസ്യം. ജനങ്ങള്‍ കൂടുതലായും യാത്രയ്ക്ക് ആശ്രയിക്കുന്ന കല്ലട ബസിന്റെ മോശം സര്‍വീസും പോലീസ് കേസും യാത്രക്കാരെ ആശങ്കയിലാക്കിയതോടെയാണ് കെഎസ്ആര്‍ടിസി സുരക്ഷിതയാത്ര ഉറപ്പുനല്‍കി പരസ്യവുമായി ആശ്വാസം പകരുന്നത്. കുറച്ച് സൗകര്യങ്ങള്‍ കുറവാണെങ്കിലും നിങ്ങളെ സുരക്ഷിതമായി ബാംഗ്ലൂര്‍ എത്തിക്കാന്‍ ഞങ്ങളുണ്ട് എന്ന് കെഎസ്ആര്‍ടിസി പറയുന്നു.

കഴിഞ്ഞദിവസം, സുരേഷ് കല്ലട ബസില്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ച ഒരു പറ്റം യുവാക്കള്‍ പതിനഞ്ചോളം വരുന്ന ബസ് ജീവനക്കാരായ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു. ബസിനകത്തും പുറത്തേക്ക് വലിച്ചിറക്കിയും യാത്രക്കാരെ ബസിലെ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ച സംഭവം പുറത്തെത്തിയതിനു പിന്നാലെ കല്ലട ബസിനു നേരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. പിന്നാലെ പോലീസ് കേസെടുക്കുകയും അഞ്ചു ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ കല്ലടയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഒട്ടേറെ പേര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കഴുത്തറപ്പന്‍ പൈസയും കൊടുത്ത് എന്തിനാണ് ആളെ കൊല്ലുന്ന കല്ലടയില്‍ യാത്ര ചെയ്യുന്നതെന്നാണ് മിക്കവരുടേയും ചോദ്യം. കെഎസ്ആര്‍ടിസിയും ഈ ചോദ്യം ഉന്നയിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

‘തിരുവനന്തപുരത്ത് നിന്ന് കായംകുളം വഴി ബാംഗ്ലൂരിലേക്ക് 4 മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ/വോള്‍വോ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇവക്ക് കായംകുളം നിന്ന് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണെന്നും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലിങ്കോട് കൂടി നല്‍കിയ വിശദമായ പരസ്യത്തില്‍ പറയുന്നു. നിങ്ങളുടെ ബാംഗ്ലൂര്‍ യാത്രകള്‍ കെഎസ്ആര്‍ടിസിയോടൊപ്പം. സുഖയാത്ര സുരക്ഷിതയാത്ര കെഎസ്ആര്‍ടിസിക്കൊപ്പം, എന്നും പരസ്യത്തില്‍ കെഎസ്ആര്‍ടിസി പറയുന്നു.

Exit mobile version