‘മോഡിയുടെ യന്ത്രം കേരളത്തിലും വന്നു’; വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളെ വിമര്‍ശിച്ച് കോടിയേരി

സംസ്ഥാനത്ത് പോളിങിനിടെ വോട്ടിങ് യന്ത്രത്തില്‍ വ്യാപകക്രമക്കേടുകള്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങിനിടെ വോട്ടിങ് യന്ത്രത്തില്‍ വ്യാപകക്രമക്കേടുകള്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോഡിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നതെന്നും അതുകൊണ്ട് എല്ലാ ബൂത്തിലും ആളുകള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാളിയിരിക്കുകയാണെന്നും ക്രമീകരണത്തില്‍ അപാതകയുണ്ടെന്നും കോടിയേരി പറഞ്ഞു. ‘വോട്ടിങ് യന്ത്രത്തില്‍ ബിജെപിക്ക് വോട്ട് പോകുന്നു. ഏത് പാര്‍ട്ടിക്ക് കുത്തിയാലും ബിജെപിക്ക് വോട്ട് പോകുന്നു. മോഡിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാ ബൂത്തിലും വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.’ കോടിയേരി പറയുന്നു

‘വിവിപാറ്റ് സംവിധാനം വന്നതിന്റെ ഫലമായിട്ടും ധാരാളം പ്രശ്നങ്ങള്‍ വന്നതായിട്ട് കാണുന്നുണ്ട്. അതിനെല്ലാമുള്ള ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നു. അത് ചെയ്തില്ല. വിവിപാറ്റ് വന്ന പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കണമായിരുന്നു. വൈകുന്നേരം ആറ് മണിക്കുള്ളില്‍ വോട്ടിങ് അവസാനിക്കുമെന്ന് തോന്നുന്നില്ല. ക്യൂവിലെത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കണം”- കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇത്തവണ ഇടതുപക്ഷ മുന്നണിക്ക് വോട്ടും വര്‍ധിക്കും സീറ്റും വര്‍ധിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. മുന്‍കാലങ്ങളിലേക്കാള്‍ വലിയ സാധ്യത ഇത്തവണ കാണുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Exit mobile version