ബിജു മേനോന്‍ നിങ്ങളെന്നും ഞങ്ങളുടെ പ്രിയങ്കരനാണ്, സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

പ്രേക്ഷകരെ രസിപ്പിക്കുന്നിടത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ലയെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു

തിരുവനന്തപുരം: തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച ചലച്ചിത്ര താരം ബിജുമേനോനെ നിരവധിപേര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്.

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിക്ക് വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…നമ്മള്‍ ചിന്തിക്കുന്ന പോലയെ ചിന്തിക്കാവു എന്നീ ചിന്തകള്‍ ശരിയാണോയെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

സാധാരണ പ്രേക്ഷകര്‍ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നിടത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ലയെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഡിയര്‍ ഫേസ്ബുക്ക് ഫാമിലി,

പ്രമുഖ നടന്‍ ബിജു മേനോന്‍ തന്റെ കൂട്ടുകാരനും, സഹപ്രവര്‍ത്തകനുമായ പ്രമുഖ നടനു വേണ്ടി ഇലക്ഷന്‍ ക്യംപെയിനിങില്‍ പങ്കെടുത്ത് എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ ചെറുതായ് എതിര്‍ത്തു കമന്റ്‌സ് ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടു.

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ. നമ്മള്‍ ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവൂ എന്നീ ചിന്തകള്‍ ശരിയാണോ ?

കേരള ചരിത്രത്തില്‍ ഇതിനു മുമ്പും, ഇപ്പോഴും എത്രയോ താരങ്ങള്‍ പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു? അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ? ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?

ഇതാണോ ആവിഷ്‌കാര സ്വതന്ത്യം ?
ഇതാണോ നമ്പര്‍ 1 കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് ? സാധാരണ പ്രേക്ഷകര്‍ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നടന്‍/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ല .

ബിജു മേനോന്‍ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…ഇപ്പോഴത്തെ ചെറിയ എതിര്‍പ്പ് കാര്യമാക്കേണ്ട. എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്… അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ….

നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്…ആര്‍ക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം…ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും അതിന്റെ സ്ഥാനാര്‍ത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വല്‍കഷ്ണം.. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫിലിം, ക്രിക്കറ്റ് പ്ലയേഴ്‌സ് എനിക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടികളില്‍് പ്രവര്‍ത്തിക്കുന്നു…ഒരല്‍പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല..അവരോടുള്ള സ്‌നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വാതന്ത്രമാണ്.പിന്നെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനര്‍ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവര്‍ക്കും വികാരം, വിചാരം, സംസ്‌കാരം, ചിന്താ ശേഷിയുണ്ട്…)

(ഉരുക്കൊന്നുമല്ല മഹാ പാവമാ…)’

Exit mobile version