‘സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന്’ സുഹൃത്തുക്കള്‍ ചോദിക്കുന്നു; രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിനു പിന്നില്‍ സംഭവിച്ചത്; പിജെ കുര്യന്‍ വെളിപ്പെടുത്തുന്നു

പരിഭാഷയിലെ പാകപ്പിഴ എന്ന തലക്കെട്ടോടു കൂടി പിജെ കുര്യന്‍ തന്റെ ഫേസ്ബുക്കിലൂടെ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പത്തനംതിട്ടയിലെത്തിയ കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. പരിഭാഷയിലെ നിരവധി പിഴവുകളാണ് പിജെ കുര്യന് വിനയായത്. പറയാത്ത കാര്യങ്ങള്‍ തിരുകി കയറ്റിയും രാഹുലിനെ കൊണ്ട് നിരവധി തവണ പ്രസംഗം ആവര്‍ത്തിച്ച് പറയിപ്പിച്ചും പിജെ കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ വലച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് സംഭവിച്ച പിഴവിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പിജെ കുര്യന്‍. തനിക്ക് രാഹുല്‍ പറയുന്നത് ശരിയായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും അതാണ് പിഴവുകള്‍ക്ക് കാരണമെന്നും പിജെ കുര്യന്‍ പറയുന്നു.

പരിഭാഷയിലെ പാകപ്പിഴ എന്ന തലക്കെട്ടോടു കൂടി പിജെ കുര്യന്‍ തന്റെ ഫേസ്ബുക്കിലൂടെ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പരിഭാഷപ്പെടുത്തുന്നതിലെ പിഴവ് മൂലം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരോട് പരാതിയില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. താന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നതെന്നും പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും കോട്ടയത്ത് മന്‍മോഹന്‍സിങിന്റേയും പ്രസംഗം അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും പിജെ കുര്യന്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗത്തിന് ശേഷം വ്യപക വിമര്‍ശനമായിരുന്നു പിജെ കുര്യന് നേരിടേണ്ടി വന്നത്. പ്രധാനമന്ത്രി ഘട്ടംഘട്ടമായി പല പദ്ധതികളും വാഗ്ദാനം നല്‍കുന്നുണ്ട് എന്നത് പ്രധാനമന്ത്രി പടിപടിയായി പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട് എന്നാക്കിയാണ് കുര്യന്‍ തര്‍ജ്ജമ ചെയ്തത്. രാഹുലിന്റെ വാക്കുകളുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു കുര്യന്റെ പരിഭാഷ.

ആര്‍എസ്എസിനും ബിജെപിക്കുമെതിരായ ഒരു പോരാട്ടത്തിലാണ് നമ്മളിപ്പോള്‍ എന്ന രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തെ ആര്‍എസ്എസ് എന്നതിനെ പിജെ കുര്യന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നാക്കി തര്‍ജ്ജമ ചെയ്തത് ഏറെ വിവാദമായിരുന്നു.

Exit mobile version